ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം മൂന്നാം ദിവസവും ശക്തമായി തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ യോഗത്തിന് ശേഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള ഇന്ത്യ മുന്നണി എംപിമാരും നേതാക്കളും ഡൽഹി രാജ്ഘട്ടിൽ എത്തി സത്യാഗ്രഹ സമരം ആരംഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നുവെന്നും പൗരന്മാരുടെ വോട്ടവകാശം കവർന്നെടുക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. രാജ്ഘട്ട് പരിസരത്തും ബിജെപി ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഡൽഹി പൊലിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർമന്തറിൽ പ്രതിഷേധം നടത്താൻ അനുമതി തേടി ഡൽഹി ഹൈക്കോടതിയിൽ യൂത്ത് കോൺഗ്രസ് ഹർജി നൽകിയിട്ടുമുണ്ട്.